കോഴിക്കോട്: നിരവധി മോഷണക്കേസുകളിലും ക്രിമിനല്‍ കേസുകളിലും പ്രതിയായ ഫറോക്ക് നല്ലൂര് വെസ്റ്റ് സ്വദേശി പൂന്തോലത്തില് വീട്ടില്‍ മനോജ് കുമാറി (60)നെ കാപ്പ ചുമത്തി ജയിലിലടച്ചു. പ്രതിക്കെതിരെ കോഴിക്കോട്, വയനാട്, തൃശൂര്‍ തുടങ്ങിയ ജില്ലകളിലെ നിരവധി പോലീസ് സ്റ്റേഷനുകളിലായി കേസുകളുണ്ട്.
ചെമ്മങ്ങാട് പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും ഇക്കഴിഞ്ഞ ജനുവരിയില്‍ ഇന്‍ഡോ ഇലക്ട്രിക്കല്‍ എന്ന സ്ഥാപനത്തിന്റെ ഗോഡൗണില്‍ നിന്ന് 75000 രൂപയും രേഖകളും മോഷ്ടിച്ചതിന് മനോജ്കുമാര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരികയായിരുന്നു.
കാപ്പ ഓര്‍ഡര്‍ പ്രകാരം ഫറോക്ക് പോലീസ് കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. പ്രതിക്കെതിരേ ഫറോക്ക് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സി.സി. ലതീഷ് നല്കിയ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച ശിപാര്‍ശയിലാണ് കോഴിക്കോട് ജില്ലാകളക്ടര്‍ പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.
കാപ്പ നിയമം ലംഘിച്ച പ്രതിയെ ജയിലിലടച്ചു
കോഴിക്കോട്: കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കക്കോടി കിഴക്കുമുറി സ്വദേശി എടക്കാട്ട് താഴം വീട്ടില്‍ അക്ഷയ് (24) എന്ന യുവാവിനെ ചേവായൂര്‍ പോലീസ് അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചു.
ചേവായൂര്‍ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതി പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികപീഡനത്തിന് വിധേയമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പോക്സോ കേസിന്റെ വിചാരണ സമയത്ത് പ്രതി വീണ്ടും പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയിരുന്നു. ഇതുകൂടാതെ മയക്കു മരുന്ന് ഉപയോഗിച്ചതിനും പൊതുജനശല്യത്തിനും കളവ് നടത്തിയതിനുമായി പ്രതിയ്ക്കെതിരേ നിരവധി കേസുകള്‍ നിലവിലുണ്ട്.
കാപ്പ നിയമം പ്രകാരം കോഴിക്കോട് സിറ്റി പോലീസ് പരിധിയില്‍ ഒരു വര്‍ഷക്കാലത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്നും എന്തെങ്കിലും വിധത്തിലുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും പ്രതിയെ വിലക്കി കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 23ന് പോലീസ് ഉത്തരവിറക്കിയിരുന്നു. പ്രതി ഈ നിയമം ലംഘിച്ച് കിഴക്കുമുറിയിലെ വീട്ടില്‍ എത്തിയതിനെ തുടര്‍ന്ന് പോലീസ് പിടികൂടുകയായിരുന്നു.